Abhayankar Abhay - ഫെമിനിസ്റ്റല്ലാത്ത പെണ്ണുങ്ങൾ

https://m.facebook.com/groups/557794740992462?view=permalink&id=1490705344368059

Abhayankar Abhay

'ഫെമിനിസ്റ്റല്ലാത്ത പെണ്ണുങ്ങൾ'

#FTwomensday

'ഹേയ് ഞാനൊരു ഫെമിനിസ്റ്റല്ല' - ഭയങ്കര അഭിമാനത്തോടെ ചില പെൺകുട്ടികൾ എല്ലാം പറയുന്നത് കേൾക്കാറുണ്ട്.  സ്ത്രീകളോട് ബഹുമാനം ഉണ്ട് ഫെമിനിസ്റ്റുകളോട് പുച്ഛം മാത്രം എന്ന് ചില പുരുഷന്മാർ പോസ്റ്റിടുന്നതും കാണാറുണ്ട് - അതെന്താണ് അങ്ങനെ ഫെമിനിസം ഇത്രയും മോശപ്പെട്ട ഒരു കാര്യമാണോ ഇത്രമാത്രം പുച്ഛിക്കാനും അവഹേളിക്കാനും?? എന്താണ് ഫെമിനിസ്റ്റുകൾ ഇവരോടൊക്കെ ചെയ്ത ദ്രോഹം ??

ചില സ്ത്രീകളോട്  മറ്റു ചില സ്ത്രീകൾ തന്നെയും ചില പുരുഷന്മാരും എല്ലാം ചോദിക്കാറുണ്ട് 'നിന്നെയൊക്കെ എന്താ അഴിച്ചു വിട്ടതാണോ എന്ന്' കളിയാക്കി ചോദിക്കുന്നതാണ് എങ്കിലും അതിൽ ഒരു ശരിയുണ്ട്.   തൊഴുത്തിൽ കെട്ടി പുല്ലും വൈക്കോലും കൊടുത്തു വളർത്തുന്ന മൃഗങ്ങൾക്ക്  സ്വന്തം ഇഷ്ടത്തിന് വനത്തിൽ മേഞ്ഞു നടക്കുന്നവയോട് കാണുന്ന അസ്കിത - സ്വാതന്ത്ര്യം അനുഭവിക്കുന്നവരോട് അതനുഭവിക്കാത്തവർക്കും അത് നിഷേധിക്കുന്നവർക്കും തോന്നുന്ന അവജ്ഞ ! പക്ഷെ  ഇങ്ങനെ താൻ ഫെമിനിസ്റ്റല്ല എന്ന് പറയുന്ന എല്ലാ പെൺകുട്ടികളും ഫെമിനിസ്റ്റല്ലാതെ ആവുന്നുണ്ടോ ? ഉത്തരം  അല്ലാ എന്നാണ്   കാരണം ഫെമിനിസ്റ്റല്ലാ എന്ന് പറഞ്ഞു കഴിഞ്ഞിട്ട് അവർ പറയുന്ന ചില വരികളുണ്ട്. 'താൻ തുല്യ അവസരത്തിൽ വിശ്വസിക്കുന്നു, സ്ത്രീകൾ ഉയർന്നു വരണം എന്ന് ആഗ്രഹിക്കുന്നു,  സ്ത്രീകൾ വിദ്യഭ്യാസ പരമായി എല്ലാം കൂടുതൽ മുന്നേറണം എന്ന് വിചാരിക്കുന്നു' .  എന്നൊക്കെയാണ് അത്.  'അതൊക്കെ തന്നെ അല്ലെ ഫെമിനിസം?' എന്ന് തിരിച്ചു ചോദിച്ചാൽ അവർക്കതൊട്ടു മനസ്സിലാവുകയും ഇല്ല.  കാലങ്ങളായി പുരുഷാധിപത്യ സമൂഹം ഫെമിനിസ്റ്റുകളെ പുരുഷ വിരോധികളായ ബ്രാൻഡ് ചെയ്തതിന്റെ ഇരകളാണ്  ഈ പാവം പെൺകുട്ടികൾ . ഫെമിനിസം പുരുഷന്മാർക്കെതിരെ അല്ല തുല്യ അവസരത്തിനുള്ള പോരാട്ടമാണ് എന്ന്  പറഞ്ഞാൽ മനസിലാക്കാൻ പ്രയാസമുള്ളത്ര  സാർവത്രികമാണ് ഈ ബ്രാൻഡിംഗ്.

ട്രാൻസ്‌ജെണ്ടറുകളെ മൂന്നാം ലിംഗം എന്ന് ചില പത്ര മാധ്യമങ്ങൾ എല്ലാം വിശേഷിപ്പിക്കാറുണ്ട് അവർക്കത് ഒട്ടും ഇഷ്ടമുള്ള ഒന്നല്ല.   ആ വിളി അവരെ അവഹേളിക്കുന്നതിനൊപ്പം തന്നെ  ഒരു  വികല ധാരണയെ സാമാന്യ വത്കരിക്കുന്നു കൂടിയുണ്ട് .  പുരുഷൻ ഒന്നാം ലിംഗം , സ്ത്രീ രണ്ടാം ലിംഗം എന്ന അവസ്ഥ - പുരുഷനെ ആരാണ് ഒന്നാമനും സ്ത്രീയെ രണ്ടാമതും നിർത്തിയത് എന്ന് ചോദിച്ചാൽ ഉത്തരം പുരുഷൻ ഉണ്ടാക്കിയ മതങ്ങൾ എന്നേയുള്ളൂ അല്ലാതെ  പ്രകൃതിയിൽ അങ്ങനെയൊന്നും ഇല്ല .  ആണും പെണ്ണും പ്രത്യുത്പാദനത്തിനു വേണ്ടിയുള്ള രണ്ടു  ഉപകരണങ്ങൾ മാത്രമാണ് പ്രകൃതിയിൽ.  അവരുടെ കഴിവുകളും  മാനസികാവസ്ഥയും വത്യസമായിരിക്കാം അതിനർത്ഥം ഒന്ന് മറ്റൊന്നിനു കീഴിലാണ് എന്നല്ല   - സ്ത്രീ പുരുഷ അവസര സമത്വത്തിനു വേണ്ടി വാദിക്കുമ്പോൾ എല്ലാം  വിടല ചിരി ചിരിച്ചു പുരുഷാധിപത്യ സമൂഹം ചോദിക്കുന്ന   വഷളൻ തമാശകൾക്കുള്ള ഉത്തരമാണ് അത് . സ്ത്രീയും പുരുഷനും തുല്യരല്ല പ്രകൃതിപരമായി   സ്ത്രീ പുരുഷന് കീഴെയാണ് എന്നാണ്   അവർ പറയാറുള്ളത്. സ്ത്രീയും പുരുഷനും ഒരുപോലെയായാണ് എന്ന്  തുല്യ അവകാശത്തിനു വേണ്ടി വാദിക്കുന്നവർ എല്ലാം   പറയുന്നുണ്ട് എന്നാണു ഇത് കേട്ടാൽ തോന്നുക അങ്ങനെ ആരാണ് പറഞ്ഞത് എന്ന് അറിയില്ല  .  പകരം സ്ത്രീക്കും പുരുഷനും  തുല്യ അവസരം വേണമെന്നാണ് പറയുന്നത്. എന്നാൽ തുല്യരല്ല എന്ന് പറയുമ്പോൾ എവിടയെയാണ് സ്ത്രീ പുരുഷന് കീഴിലാണ് എന്ന്  അത് വ്യാഖ്യാനിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല  . പരസ്പരം വെത്യസ്തമായ ഒന്ന് മറ്റൊന്നിനു തുല്യമല്ല എന്ന് പറഞ്ഞാൽ ഒന്ന് മറ്റൊന്നിനു കീഴെയാണ് എന്നാണോ അതിനർത്ഥം ??  പുരുഷന് കായികമായി ഉള്ള ബലം കൂടുതൽ ആണെങ്കിൽ  സ്ത്രീ മാനസികമായി കൂടുതൽ കരുത്തുറ്റവൾ ആണ് .  വേറെ എല്ലാ മേഖലയിലും സ്ത്രീയും പുരുഷനും ഏറെക്കുറെ തുല്യരാണ് . പിന്നെ എങ്ങനെയാണ്  ഒന്ന് മറ്റൊന്നിനു കീഴിലാവുന്നത് ??  ആപ്പിളും ഓറഞ്ചും തുല്യമല്ല എന്ന് പറഞ്ഞാൽ ആപ്പിൾ ഓറഞ്ചിനേക്കാൾ മീതെയാണ്  എന്നാണോ അതിനർത്ഥം ??

ഫെമിനിസം എങ്ങനെ പുരുഷ വിരോധം ആയി മുദ്രകുത്തപ്പെട്ടു ??

അതത്ര ചിന്തിച്ചു തല പുണ്ണാക്കാൻ മാത്രം ഉള്ള വിഷയമൊന്നുമല്ല. സ്ത്രീകളുടെ ചിലവിൽ പുരുഷന്മാർ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സ്ത്രീകൾക്ക് മേലെയുള്ള അടിച്ചമർത്തലും  സ്ത്രീ ഫെമിനിസ്റ്റാവുന്നതോടെ  ഇല്ലാതാവും എന്നത് കൊണ്ടാണ് ഫെമിനിസം പുരുഷ   വിരോധമായി എണ്ണാൻ തുടങ്ങിയത് . അല്ലാതെ അത് പുരുഷന്മാർക്ക് എതിരെ ആയത് കൊണ്ടല്ല . സ്ത്രീ വീട്ടിലിരിക്കണം പുരുഷൻ നാട് ഭരിക്കണം എന്ന കണ്സപ്റ് ഉണ്ടായി വന്നത്   പുരുഷൻ നാട് ഭരിക്കുമ്പോൾ അവന്റെ വീട് നോക്കാൻ ആരെങ്കിലും വേണം എന്നതിൽ നിന്നാണ് അവനവന്റെ വീട് നോക്കാൻ വയ്യ പകരം അത് സ്ത്രീകൾ ചെയ്യട്ടെ  എന്ന് . അവന്റെ ആജ്ഞക്കും താല്പര്യത്തിനും വഴങ്ങി മാത്രം അവൾ കഴിയുമ്പോൾ കിട്ടുന്ന   ഒരു സുഖം നഷ്ടപെടാതിരിക്കാനുള്ള ആഗ്രഹം ആണ് പലരെയും ഫെമിനിസ്റ്റ് വിരോധികൾ ആക്കുന്നത് . ദളിതുകൾ എല്ലാം വിദ്യാഭ്യാസം നേടി പോയാൽ എന്റെ  തൊഴുത്തിലെ ചാണകം ആര് വരും എന്ന് സവർണ ജന്മികൾ ചോദിക്കുന്നത്  പോലെയാണ് സ്ത്രീകൾ സ്വന്തം   വ്യകതിത്വത്തിൽ വിശ്വസിക്കാൻ തുടങ്ങിയാൽ  ഞാൻ പറയുന്നത് ആര്  അനുസരിക്കും എന്ന്  വേവലാതിപ്പെടുന്ന പുരുഷൻ . അത്തരം പുരുഷന്മാരോട് ഫെമിനിസ്റ്റുകൾ പോയി പണി നോക്കാൻ പറയുന്നതിനെയാണ്  ഫെമിനിസ്റ്റുകൾ മുഴുവൻ  പുരുഷന്മാർക്കും എതിരാണ് എന്ന് വരുത്തി തീർക്കുന്നത്. 

നമ്മുടെ സിനിമകളിലും മറ്റും കാണുന്ന വാർപ്പ് മാതൃകകളിലെ പോലെ പണക്കൊഴുപ്പിൽ എല്ലാവരെയും പുച്‌ഛിക്കുന്ന ആ ന്യൂനപക്ഷം അല്ല ഫെമിനിസ്റ്റുകൾ . സ്വന്തം വ്യക്തിത്വത്തെ തിരിച്ചറിഞ്ഞ ഒരൊ സ്ത്രീയും ഫെമിനിസ്റ്റാണ് . തനിക്കും ഈ ലോകത്ത് സ്വന്തമായി ഒരു സ്ഥാനമുണ്ട് എന്ന് തിരിച്ചറിയുന്ന ഓരോ പെണ്ണും ഫെമിനിസ്റ്റാണ് . പെണ്ണായതിന്റെ പേരിൽ താൻ മാറ്റി നിർത്തപ്പെടരുത് എന്ന് വിളിച്ചു പറയുന്നവർ  എല്ലാം ഫെമിനിസ്റ്റാണ്. കുടുംബ സദസ്സാണ് എങ്കിലും  മത സദസ്സ് ആണെങ്കിലും തന്നെ പറ്റി നടക്കുന്ന ചർച്ചയിൽ അഭിപ്രായം പറയേണ്ടത് താനാണ് എന്ന് കരുതുന്നവർ എല്ലാം ഫെമിനിസ്റ്റാണ്.  ഏത് തരത്തിലും ഏത് വിധത്തിലും ഏത് വസ്ത്രം ധരിച്ചും ഫെമിനിസ്റ്റുകൾ ഉണ്ടാവാം. അല്ലാതെ പട്ടു സാരി ഉടുത്തു വലിയ പൊട്ടു ധരിച്ചു എന്നത് കൊണ്ടൊന്നും ആരും ഫെമിനിസ്റ്റല്ലാതെ ആവില്ല  . അതേപോലെ താൻ രണ്ടാംതരക്കാരിയാണ് എന്ന് കരുതുന്ന ഒരു സ്ത്രീ  ജീനിസ്റ്റിട്ടത് കൊണ്ട് ഫെമിനിസ്റ്റാവുകയും ഇല്ല .    ഏത്  ജോലി ചെയ്യുന്നവരും ജോലിയൊന്നും ചെയ്യാതെ  വീട്ടിലിരിക്കുന്നവരും ഫെമിനിസ്റ്റാവാം  വിശ്വാസിക്കും  അവിശ്വസിക്കും ഫെമിനിസ്റ്റാവാം ഒരു വ്യക്തി എന്ന നിലക്ക് താൻ ആരുടേയും പിന്നിലല്ല താൻ ജന്മം കൊണ്ട് രണ്ടാം സ്ഥാനത്തായിട്ടില്ല എന്ന് കരുതുന്ന ഓരോരുത്തരും ഫെമിനിസ്റ്റാണ് . തന്റെ ജീവിതത്തിൽ ആത്മാർത്ഥമായി വിശ്വസിക്കുന്ന ഏതൊരു സ്ത്രീയും  ഫെമിനിസ്റ്റാണ് . അവൾ തനിക്കൊപ്പമാണ് തന്റെ താഴെയല്ല എന്ന് കരുതുന്ന  പുരുഷന്മാരും ഫെമിനിസ്റ്റാണ് .

എല്ലാ ഫെമിനിസ്റ്റുകൾക്കും വനിതാദിനാശംസകൾ (അല്ലാത്തവർക്ക് അതെന്തിനാണ് ?? )


Comments

Popular posts from this blog

Geetha Thottam - പെണ്ണൊരുത്തിക്ക് മരിക്കാൻ ഏറ്റവും നല്ല പ്രായം

ആർത്തവം

Veena JS - ആയതിനാൽ നമ്മൾ ശ്രീലക്ഷ്മിയുടെ പോസ്റ്റിനെ മഹത്വവൽക്കരിക്കണം